Sunday, May 24, 2009

പുനര്‍ജന്മം

ബ്ലാക്ക്‌ ബോര്‍ഡില്‍ എഴുതിയ
വെളുത്തൊരക്ഷരമായാല്‍
മതിയായിരുന്നു, എനിയ്‌ക്ക്‌.
എങ്കില്‍ ആരെങ്കിലും
മായ്‌ച്ചു കളഞ്ഞ്‌
എന്നെ തിരുത്തിയെഴുതിയേനെ!


പുഴയിറങ്ങി വരുന്ന
മലമ്പാതയിലൊരു
പാറക്കല്ലായിരുന്നുവെങ്കില്‍
ഞാനിത്ര പരുക്കനാകില്ലായിരുന്നു.
വലിയ വെള്ളച്ചാട്ടങ്ങള്‍
നിത്യവും കഴുകിക്കഴുകി
ഒരോമനത്വത്തിലേക്ക്‌ ഞാന്‍
മിനുസപ്പെട്ടേനെ!




ഇനി ആരെങ്കിലുമെന്നെ
ഒരു നാള്‍ കടപ്പുറത്തെ
മണലിലെഴുതുമായിരിക്കും.
അപ്പോള്‍ ക്ഷോഭിച്ച കടല്‍
വന്നെന്നെ കൊണ്ടുപോകും.
കടല്‍വെള്ളത്തില്‍ അലിഞ്ഞ്‌
ഉപ്പായിത്തീര്‍ന്ന്‌
പിന്നെയും ഞാന്‍ വരും.
അന്ന്‌ കണ്ണുനീര്‍ത്തുള്ളികള്‍ക്ക്‌
ഉപ്പു പകരാന്‍
ഏതെങ്കിലുമൊരു ഹൃദയം
എന്നെ കുറുക്കിയെടുക്കുമായിരിക്കും.

11 comments:

ഫൈസൽ said...

ജലശയ്യക്കടിയില്‍
വക്കുകള്‍ നിശബ്ദമാകും.
പക്ഷെ, ആത്മാവുകള്‍
മത്സ്യങ്ങളായി വന്ന് സംസാരിക്കും.
അവരുടെ ഒഴുക്കുള്ള
വഴുക്കും സംഗീതത്തില്‍
പരേതര്‍ ബാക്കിവെച്ചുപോയ
സ്വപ്നങ്ങളുണ്ടായിരിക്കും.

നന്ന്
സാദിക്ക്.
ഫൈസല്‍
amalakhil.blogspot.com

Anonymous said...

പശ്ചാത്താപമേ പ്രായശ്ചിത്തം

neeraja said...

നല്ല വരികള്‍ .ശരിക്കും ഇഷ്ടപ്പെട്ടു.

ലേഖാവിജയ് said...

എന്തോരം ആഗ്രഹങ്ങളാ സാദിഖ് :)

സി.പി. അബൂബക്കര്‍ said...

ലാവണ്യം എന്ന വാക്കിനു ലവണവുമായി ബന്ധമുണ്ടോ? ഉപ്പ് ജീവിതത്തിന്റെ സൗന്ദര്യമായതിനാലാവാം, ഈ വാക്കുണ്ടായതെന്ന് ഞാനൊന്ന് കരുതിക്കോട്ടെ? അത്രമേല്‍ ഇഷ്ടമാണ് എനിക്ക്് ഈയെഴുത്തുകാരനെ. മാതൃഭൂമിയില്‍ വരുന്ന അപൂര്‍വ്വമധുരങ്ങളായ രചനകള്‍ എനിക്ക് എന്നെ തന്നെ കാണിച്ചുതരുന്നവയാണ്. മോഹങ്ങള്‍ തീര്‍ന്നൊരു മരണമില്ല സാദിഖ്,.കാടിനുള്ളിലേക്കല്ല , പുറത്തേക്ക് നടക്കുന്ന ഒരന്വേഷകന്‍ എന്നനിലയില്‍ അവസാനം എന്തുകിട്ടിയെന്നുചോദിച്ചാല്‍ ഒന്നുമില്ല എന്ന് ആര്‍. രാമചന്ദ്രനോടൊപ്പം ഉത്തരം പറയേണ്ടിവരും നമുക്കൊക്കെ. എന്തിനാണിത്, സാഹിത്യം, ജീവിതം, സൊഹൃദം, പ്രണയം? വെറുതെ. ഇങ്ങനെ വെറുതെചെയ്യുന്നതിന്റെ ലാവണ്യമാണ് ഈകവിത.
ക്ഷമി്ക്കുക, നീണ്ടുപോയി.


സി.പി. അബൂബക്കര്‍

ഗൗരിനാഥന്‍ said...

സാദിക്കേ..ഞാനിവിടെ ഒക്കെ ഉണ്ട് കേട്ടോ..പ്രത്യേകം പറയുന്നില്ല നന്നായി എന്ന്..കറുത്ത ബോഡിലൊരു വെളുത്ത അക്ഷരം എന്നയിരുന്നു എങ്കില്‍ ഈ വായനക്കാരിക്ക് കൂടൂതല്‍ സന്തോഷമായേനെ..ഒരു ആസ്വാദകയുടെ കാഴ്ചപാടാണുട്ടോ.കവിയുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു, എങ്കിലും ആ ബ്ലാക്ക് ബോഡ് വായനകിടയില്‍ മുഴച്ച് നില്‍ക്കൂന്നു

ഒരു നുറുങ്ങ് said...

കവിത കൊള്ളാം,ആശയവും നന്നു..
ഉപ്പിത്തിരിയേറിയ സാഗരത്തെ,
കണ്ണീര്‍ കൊണ്ട് ശുദ്ധീകരിച്ചു
നിര്‍ജലമാക്കാനായ് ഒരു...

‘മരുഭൂവിലെ ഒട്ടകങ്ങളെ മെരുക്കാന്‍
ബദു അറബികള്‍ക്കേ പറ്റു,ഒടുവില്‍
ഒട്ടകവും ബദുവും ഒന്നാവും,മരുഭൂമിയും..

കാവലാന്‍ said...

"പുഴയിറങ്ങി വരുന്ന
മലമ്പാതയിലൊരു
പാറക്കല്ലായിരുന്നുവെങ്കില്‍
ഞാനിത്ര പരുക്കനാകില്ലായിരുന്നു."

പുഴ പലപ്പോഴും ദയാരഹിതയാണ്,അടുത്ത വരവില്‍ കൂടെക്കൂട്ടുമെന്ന പ്രതീക്ഷയുമായി മിനുസമാര്‍ന്ന കനവുകളുള്ളിലൊതുക്കി എത്രനാളായി...

shahana said...

ശാന്തമായൊഴുകുന്ന പുഴയില്‍ നിന്നും ഒരു സംഗീതവും ഉയരുന്നില്ല.മയമില്ലാത്ത കല്ലില്‍ തട്ടി ചിതറിത്തെറിക്കുന്ന ജലത്തുള്ളികള്‍ എന്തൊക്കെയോ പറയുന്നുണ്ട് .പിന്നെ എന്തിനു മയപ്പെടണം?

സാബിബാവ said...

nalla varikal sadikinu abhinandanangalode

അതിരുകള്‍/പുളിക്കല്‍ said...

ഹ്ര്ദയം തന്നെ പറിച്ചു കാണിച്ചാലും ചെമ്പരുത്തിപ്പൂവെന്ന് പറയുന്ന ലോകത്തിന്ന് ഇനിയും പല ജന്‍മങ്ങള്‍ കിട്ടിയാലും ബന്ധങ്ങളുടെ ആഴം അറിയാന്‍ കഴിയുമെന്നറിയില്ല......