Sunday, May 24, 2009

പുനര്‍ജന്മം

ബ്ലാക്ക്‌ ബോര്‍ഡില്‍ എഴുതിയ
വെളുത്തൊരക്ഷരമായാല്‍
മതിയായിരുന്നു, എനിയ്‌ക്ക്‌.
എങ്കില്‍ ആരെങ്കിലും
മായ്‌ച്ചു കളഞ്ഞ്‌
എന്നെ തിരുത്തിയെഴുതിയേനെ!


പുഴയിറങ്ങി വരുന്ന
മലമ്പാതയിലൊരു
പാറക്കല്ലായിരുന്നുവെങ്കില്‍
ഞാനിത്ര പരുക്കനാകില്ലായിരുന്നു.
വലിയ വെള്ളച്ചാട്ടങ്ങള്‍
നിത്യവും കഴുകിക്കഴുകി
ഒരോമനത്വത്തിലേക്ക്‌ ഞാന്‍
മിനുസപ്പെട്ടേനെ!




ഇനി ആരെങ്കിലുമെന്നെ
ഒരു നാള്‍ കടപ്പുറത്തെ
മണലിലെഴുതുമായിരിക്കും.
അപ്പോള്‍ ക്ഷോഭിച്ച കടല്‍
വന്നെന്നെ കൊണ്ടുപോകും.
കടല്‍വെള്ളത്തില്‍ അലിഞ്ഞ്‌
ഉപ്പായിത്തീര്‍ന്ന്‌
പിന്നെയും ഞാന്‍ വരും.
അന്ന്‌ കണ്ണുനീര്‍ത്തുള്ളികള്‍ക്ക്‌
ഉപ്പു പകരാന്‍
ഏതെങ്കിലുമൊരു ഹൃദയം
എന്നെ കുറുക്കിയെടുക്കുമായിരിക്കും.