Tuesday, February 17, 2009

വലുപ്പത്തിന്റെ ചെറുപ്പം

സ്‌കൂളിലേക്ക്‌ പോകുമ്പോഴും
വരുമ്പോഴും
ഇന്റര്‍വെല്‍ സമത്തും
കോയക്കുട്ടിക്കാക്കയുടെ
ചായക്കടയിലെ
ചില്ലുകൂട്ടിലെ കായപ്പത്തിലായിരുന്നു
കണ്ണുകള്‍.

പലചരക്കു കടയില്‍ നിന്ന്‌
ബാക്കി കിട്ടിയ ചില്ലറത്തുട്ടുകള്‍
ഇശ്‌ക്കിവെച്ച്‌ ഞാനൊരിക്കല്‍
ഇരുപത്‌ പൈസ സമ്പാദിച്ചു.
കായപ്പത്തിന്റ വില!

ഇരുപത്‌ പൈസ പിറ്റേന്ന്‌
ചായക്കടയിലെ മേശപ്പുറത്ത്‌ വെച്ച്‌
ഊക്കിലൊരു കായപ്പത്തിന്‌
ഓര്‍ഡര്‍ കൊടുത്തു.
ചില്ലുകൂട്‌ ചൂണ്ടിക്കാട്ടി
എടുത്തോ എന്ന്‌ പറഞ്ഞപ്പോള്‍
കോയക്കുട്ടിക്കാക്കയുടെ
മുഖത്ത്‌്‌ പുഛം ചുളിഞ്ഞു!


ഏറ്റവും വലിയ കായപ്പം തന്നെ വേണം.
തിരിച്ചും മറിച്ചും
വലുപ്പം തീര്‍ച്ചപ്പെടുത്തി
ഞാനൊന്നു പുറത്തെടുത്തു.
അപ്പോള്‍ തോന്നി അതിലും വലുത്‌
അകത്ത്‌‌ വേറെയുണ്ടെന്ന്‌‌.
പലവട്ടം മാറിയെടുത്ത്‌
വല്ലാതെ ബേജാറായി
നില്‍ക്കുമ്പോള്‍
ചായക്കടക്കാരന്റെ ചുവന്ന
കണ്ണുകള്‍ പിന്നെയും ബേജാറാക്കി.

ഉത്തമ ബോധ്യത്തില്‍ വലുതെന്ന്‌
കരുതി എടുത്ത കായപ്പത്തിന്റെ
അരികു കടിച്ചു വെറുതെയൊന്ന്‌
തിരിഞ്ഞു നോക്കിയപ്പോഴാണ്‌
മനസ്സിലായത്‌ വലിയ
കായപ്പങ്ങളൊക്കെ
ചില്ലു കൂട്ടില്‍ തന്നെയാണെന്ന്‌.
ഞാനെടുത്തത്‌ ഉണ്ണിയപ്പത്തോളം
പോന്നൊരു കായപ്പം!

സ്വയമൊരു തെരഞ്ഞെടുപ്പു
വേണ്ടി വരുമ്പോഴൊക്കെ
ഇങ്ങിനെ ശങ്കിച്ചും ബേജാറായും
ഏറ്റവും വലിയ തെറ്റുകളില്‍ തന്നെയാണ്‌
ഞാന്‍ ചെന്ന്‌ കൈ വെയ്‌ക്കുന്നത്‌.

സ്‌്‌കൂളിന്‌ തൊട്ടടുത്തായിരുന്നു
കണ്ടുവാശാരിയുടെ ഫര്‍ണിച്ചര്‍.
ഇന്റര്‍വെല്‍ സമയത്തൊക്കെയും
അവിടെ കുട്ടികളുടെ വലിയ ക്യൂവാണ്‌.
ഉളി കൊണ്ട്‌ മൂപ്പര്‍ ചെത്തിക്കൂര്‍പ്പിക്കുന്ന
പെന്‍സില്‍ കാണാന്‍ രസമാണ്‌.
അതുകൊണ്ടൈഴുതിയാല്‍
എഴുത്തു നന്നാകുമെന്ന്‌
കുട്ടികള്‍ വിശ്വസിച്ചു.
ചെത്തിയുഴിഞ്ഞ മുനയുടെ
ചന്തം കാണാന്‍ മാത്രം
പിന്നെയും പിന്നെയും ഞാന്‍
പെന്‍സിലിന്റെ മുനയൊടിക്കും.
കണ്ടുവാശാരിയുടെ സ്‌നേഹം
പിന്നെയും പെന്‍സിലിന്‌ ചിന്തേരിടും.
മുന കൂര്‍ത്ത്‌ തിളങ്ങും.

എത്രയൊക്കെ മുനകൂര്‍ത്ത
പെന്‍സില്‍ കൊണ്ട്‌
എഴുതിപ്പഠിച്ചിട്ടും
ജീവിതമിന്നും മുന പൊട്ടി നില്‍ക്കുന്നു,
ഒരക്ഷരം പോലും എഴുതാനാകാതെ!

സ്‌്‌കൂളിന്‌ മുന്നിലൂടെ ഒഴുകുന്ന
പുഴയുടെ വക്കത്ത്‌
അതൃമാന്‍ ചൂണ്ടയിടുന്നത്‌
കാണാന്‍ ചെന്നു നില്‍ക്കും ചിലപ്പോള്‍.
അതൃമാന്‍ നടീയ്‌ക്കുന്ന (1)
ചൂണ്ടയില്‍ മീന്‍ പിടയ്‌ക്കുന്നത്‌
കാണാന്‍ ഏറെ നേരം കാത്തുനില്‍ക്കും.
ഒരിയ്‌ക്കല്‍ ഒരു പൂസാനോ വരാലോ
കൊത്തിക്കാണും
അതൃമാന്‍ പെട്ടെന്ന്‌ ചൂണ്ട നടീച്ചു.
മീന്‍ തെറിച്ചു പുഴവക്കത്തെ മണലില്‍ വീണു
ചൂണ്ട വന്നു തറച്ചത്‌ എന്റെ കാല്‍വണ്ണയില്‍.
വേദനയുടെ മീനുകള്‍ ശരീരം കൊത്തിത്തിന്നു
പുഴ എന്റെ കണ്ണിലേക്കൊരു പ്രളയമായി..


ഇന്നും എത്ര ചൂണ്ടക്കാരാണ്‌
എന്റെ ജീവിതം കൊത്തിവലിയ്‌ക്കുന്നത്‌?
വേദനയുടെ എത്ര മീനുകളാണ്‌
അതിലെ വ്രണങ്ങള്‍ കൊത്തിപ്പറിക്കുന്നത്‌‌?
സങ്കടങ്ങളുടെ എത്ര പുഴകളാണ്‌
പ്രളയമായി വഴികളെ മുക്കുന്നത്‌?

മേരിട്ടീച്ചറുടെ വീട്ടില്‍
ക്രിസ്‌മസ്‌ കരോള്‍ സംഘം
എത്തുമ്പോള്‍ ഞാന്‍ കക്കൂസിലായിരുന്നു.
കരോള്‍ ഗാനം കേട്ടപ്പോള്‍
കക്കൂസിന്റെ വാതില്‍ക്കല്‍
എനിക്ക്‌ കാവല്‍ നിന്ന
എളാമയും ഓടിപ്പോയി..
ഉണ്ണിയേശുവിനെ കാണാന്‍
കൊതിച്ച്‌ കക്കൂസില്‍നിന്ന്‌
എഴുന്നേറ്റോടിയ ഞാന്‍
കല്ലില്‍ തട്ടി തെറിച്ചു വീണു.
പുറംകാലില്‍ നിന്ന്‌ ഒരിറച്ചിക്കഷ്‌‌ണം
ഇരുട്ടിലേക്ക്‌്‌ തെറിച്ചു പോയി.
മൂന്നു തുന്നു കൊണ്ടാണ്‌ മമ്മാലി ഡോക്ടര്‍
ആ മുറിവുണക്കിത്തന്നത്‌.
ഉണ്ണിയേശുവിനെ ഞാന്‍ കണ്ടില്ല.
കരോള്‍ സംഘത്തിന്റെ പാട്ടു കേട്ടില്ല.

ഇന്നും ഞാനോടുകയാണ്‌.
എത്തേണ്ടിടത്ത്‌ മാത്രം എത്തുന്നില്ല.
കാണേണ്ടത്‌ മാത്രം കാണുന്നില്ല
കേള്‍ക്കേണ്ട്‌ത്‌ മാത്രം കേള്‍ക്കുന്നില്ല.
വീഴുമ്പോള്‍ തെറിച്ചുപോകുന്ന
ഇറച്ചിക്കഷ്‌ണങ്ങളുടെ വിടവ്‌
നികത്താന്‍ ഒരു തുന്നിക്കെട്ടിനുമാകുന്നില്ല.
ഉണങ്ങാത്ത മുറിവുകളില്‍
ദുരിതങ്ങളുടെ പുഴുക്കള്‍
അരിച്ചുകൊണ്ടേയിരിക്കുന്നു.

കുട്ടിക്കാലത്തെ ചില
കുട്ടിക്കാര്യങ്ങളോര്‍ക്കുമ്പോഴാണ്‌
നമ്മുടെ വലുപ്പത്തിന്റെ
ചെറുപ്പം ബോധ്യമാകുന്നത്‌.1 . നടീയ്‌ക്കുക -ചൂണ്ടയില്‍ മീന്‍ കൊത്തിയെന്ന്‌ ഉറപ്പായാല്‍
പെട്ടെന്ന്‌ ചൂണ്ട ആഞ്ഞു വലിക്കും. ഇതിന്‌ ഞങ്ങളുടെ
നാട്ടുമ്പുറത്ത്‌ നടീയ്‌ക്കുക എന്നാണ്‌ പറയുന്നത്‌.

4 comments:

മുന്നൂറാന്‍ said...

വീഴുമ്പോള്‍ തെറിച്ചുപോകുന്ന
ഇറച്ചിക്കഷ്‌ണങ്ങളുടെ വിടവ്‌
നികത്താന്‍ ഒരു തുന്നിക്കെട്ടിനുമാകുന്നില്ല.
ഉണങ്ങാത്ത മുറിവുകളില്‍
ദുരിതങ്ങളുടെ പുഴുക്കള്‍
അരിച്ചുകൊണ്ടേയിരിക്കുന്നു.

...പകല്‍കിനാവന്‍...daYdreamEr... said...

വല്ലാത്തൊരു വലിപ്പത്തില്‍ നിന്നും വലുതായി ചെറുതായല്ലോ കൂട്ടുകാരാ...!!
ആശംസകള്‍...

മുന്നൂറാന്‍ said...

പകല്‍ക്കിനാവന്‍, നന്ദി

തെന്നാലിരാമന്‍‍ said...

"എത്രയൊക്കെ മുനകൂര്‍ത്ത
പെന്‍സില്‍ കൊണ്ട്‌
എഴുതിപ്പഠിച്ചിട്ടും
ജീവിതമിന്നും മുന പൊട്ടി നില്‍ക്കുന്നു,
ഒരക്ഷരം പോലും എഴുതാനാകാതെ!"

ഇതെനിക്കിഷ്ടപ്പെട്ടു...